-->

Followers of this Blog

2009, ജൂൺ 26, വെള്ളിയാഴ്‌ച

കണ്ണുകളാവുന്നവര്‍...

കൃഷ്ണമണി കീറിത്തുളച്ച ചില്ലിന്‍ മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്‍
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.

കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന്‍ തീരത്ത് നീ വന്നിരുന്നു

മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.

പീലിയുടെ നിറഗണവുമാകാശ നീലിമയു-
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.

നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന്‍ നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.

കണ്‍ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.


[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]

3 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

[ജീവിതത്തിനിടയ്ക്ക്
അക്ഷരത്തെറ്റാണോ അതോ കൂടെയുള്ളതാണോ?

വലുതായി പിടി കിട്ടിയില്ല, കട്ടി വാക്കുകള്‍ അത്ര അറിയില്ല:(

Unknown പറഞ്ഞു...

അരുണേട്ടാ...

യ്ക്ക് ആണോ തെറ്റ്..യ്ക്ക് എന്നു എഴുതാമെന്നാ തോന്നണേ...വേറെ ഏതെങ്കിലുമാണോ തെറ്റിയേക്കുന്നേ?

ജ്വാല പറഞ്ഞു...

"തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ. "
ഒരു സച്ചിദാനന്ദ സ്പര്‍ശം.